Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില് നോക്കൗട്ടില് പ്രവേശിക്കുന്ന ആദ്യ ടീമായി മെക്സിക്കോ. എല് ട്രൈ (ത്രിവര്ണക്കാര്) എന്നറിയപ്പെടുന്ന മെക്സിക്കോ, ഗ്രൂപ്പ് എയില് രണ്ടാം മത്സരത്തിലും ജയം നേടിയതോടെയാണ് റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്.
ആദ്യമത്സരത്തില് 2-0നു ദക്ഷിണാഫ്രിക്കയെ കീഴടക്കിയ മെക്സിക്കോ, ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തില് 1-0ന് ദക്ഷിണകൊറിയയെ തോല്പ്പിച്ചു. 50-ാം മിനിറ്റില് ലൂയിസ് റോമോ ആയിരുന്നു മെക്സിക്കന് ജയം കുറിച്ച ഗോള് സ്വന്തമാക്കിയത്. ദക്ഷിണകൊറിയന് പ്രതിരോധത്തിന്റെയും ഗോള് കീപ്പറുടെയും പിഴവില്നിന്നായിരുന്നു ഗോളിന്റെ പിറവി.
ഗ്രൂപ്പ് ചാമ്പ്യന്മാര്
ഗ്രൂപ്പ് എയില് രണ്ടു മത്സരങ്ങളില്നിന്ന് ആറ് പോയിന്റുമായി മെക്സിക്കോ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തില് സമനില നേടിയാല് പോലും മെക്സിക്കോയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്കു മുന്നേറാം. 25ന് ചെക് റിപ്പബ്ലിക്കിന് എതിരേയാണ് ഗ്രൂപ്പില് മെക്സിക്കോയുടെ അവസാന മത്സരം. 24 വര്ഷത്തിനുശേഷമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില് മെക്സിക്കോ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന് ഒരുങ്ങുന്നത്.
ഉജ്വല സേവ്
17-ാം മിനിറ്റില് മെക്സിക്കോയുടെ വലയില് പന്ത് എത്തേണ്ടതായിരുന്നു. ദക്ഷിണകൊറിയയുടെ സൂപ്പര് താരം സണ് ഹ്യൂങ് മിന്, മുന്നോട്ടെത്തിയ മെക്സിക്കന് ഗോള് കീപ്പറിന്റെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് ഗോള് വല ലക്ഷ്യമാക്കി പന്തിനെ പറഞ്ഞയച്ചു. പെനാല്റ്റി ഏരിയയ്ക്ക് തൊട്ടടുത്തുനിന്നായിരുന്നു ഇത്. ചിപ്പ് ചെയ്ത പന്ത് അല്പം കൂടുതല് ഉയരുകയും വേഗം കുറയുകയും ചെയ്തു. ഗോള്വലയിലേക്ക് മെക്സിക്കന് പ്രതിരോധക്കാരായ ഹൊര്ഹെ സാഞ്ചസും എഡ്സണ് ആല്വരെസും കുതിച്ചു. ഗോള് ലൈന് കടക്കുന്നതിനു മുമ്പ് ഓവര്ഹെഡ് ക്ലിയറന്സിലൂടെ എഡ്സണ് ആല്വരെസ് പന്ത് അടിച്ചകറ്റി. ഗാലറി നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച നിമിഷം.
87-ാം മിനിറ്റില് ദക്ഷിണകൊറിയയുടെ ഗോള് ശ്രമവും ലൈനില്വച്ചു തടയപ്പെട്ടു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനുശേഷം യാങ്, ചൊ എന്നിവര് പന്ത് വലയിലാക്കാന് ശ്രമിച്ചു. എന്നാല്, രണ്ടാം ശ്രമത്തില് മെക്സിക്കന് ഗോള് കീപ്പര് റൗള് റാഹേല് പന്ത് കൈക്കുള്ളിലാക്കി.
Sports
പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയര് ബാസ്കറ്റ്ബോള് ചാമ്പ്യന്ഷിപ്പില് കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള് നോക്കൗട്ടില്. പെണ്കുട്ടികള് ഗ്രൂപ്പ് ഘട്ടത്തില് തുടര്ച്ചയായ മൂന്നാം ജയം സ്വന്തമാക്കി.
കേരളം 59-30ന് നിലവിലെ റണ്ണേഴ്സ് അപ്പായ ഗുജറാത്തിനെ തകര്ത്തു. കേരളത്തിനു വേണ്ടി സുഭദ്ര ജയകുമാര് 18 പോയിന്റ് നേടി. കേരളത്തിന്റെ ആണ്കുട്ടികള് 55-59നു ഡല്ഹിയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് എയില് നിന്ന് മൂന്ന് ടീമുകള്ക്ക് നോക്കൗട്ട് യോഗ്യതയുണ്ട്.
Sports
മിലാന്: യുവേഫ ചാമ്പ്യന്സ് ലീഗ് 2025-26 സീസണില് പ്രീക്വാര്ട്ടര് ഉറപ്പിക്കുന്ന ആദ്യടീമായി ഇംഗ്ലീഷ് ക്ലബ് ആഴ്സണല് എഫ്സി.
ലീഗ് റൗണ്ടിലെ ഏഴാം മത്സരത്തില് നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര് മിലാനെ അവരുടെ തട്ടകത്തില്വച്ച് 3-1നു കീഴടക്കിയാണ് പീരങ്കിപ്പട നോക്കൗട്ടില് പ്രവേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ടേബിള് ടോപ്പര്മാരായ ഗണ്ണേഴ്സ് ചാമ്പ്യന്സ് ലീഗ് സീസണില് കളിച്ച ഏഴ് മത്സരത്തിലും ജയം നേടിയെന്നതും ശ്രദ്ധേയം.
മിലാനില് നടന്ന മത്സരത്തില് ഗബ്രിയേല് ജീസസിന്റെ (10, 31) ഇരട്ടഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. വിക്ടര് ഗ്യോകെരെസിന്റെ (84) വകയായിരുന്നു മൂന്നാം ഗോള്. 18-ാം മിനിറ്റില് പീറ്റര് സൂസിക്ക് ഇന്റര് മിലാനുവേണ്ടി ഒരു ഗോള് മടക്കി. ഗബ്രിയേല് ജീസസിന്റെ ആദ്യ ഗോളില് ആഴ്സണല് ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു സൂസിക്ക് തിരിച്ചടിച്ചത്.
ലീഗ് ചാമ്പ്യന് പട്ടം
36 ടീമുകള് മത്സരിക്കുന്ന, എട്ട് മത്സരങ്ങള് വീതമുള്ള ലീഗ് റൗണ്ടില് ആഴ്സണലിന് ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച പുലര്ച്ചെ കസാക്കിസ്ഥാന് ക്ലബ്ബായ കൈരാട്ടിനെതിരേയാണ് ആഴ്സണലിന്റെ അവസാന മത്സരം. അന്ന് സമനില നേടിയാല് പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനക്കാരായി ഗണ്ണേഴ്സിനു ലീഗ് റൗണ്ട് പൂര്ത്തിയാക്കാം.
ചരിത്രത്തില് ആദ്യമായാണ് ആഴ്സണല് ചാമ്പ്യന്സ് ലീഗില് തുടര്ച്ചയായി ഏഴ് മത്സരങ്ങളില് ജയം നേടുന്നത്. ഇംഗ്ലീഷ് ടീമുകളില് ഏറ്റവും കൂടുതല് തുടര്ജയം മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സിയുടെ (10) പേരിലാണ്.